10:32pm 09 November 2026
NEWS
മോഷ്ടാക്കളായ രണ്ടു സ്ത്രീകളെ വനിതാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സാഹസികമായി പിന്തുടർന്ന് പിടികൂടി
17/06/2025  09:25 AM IST
nila
മോഷ്ടാക്കളായ രണ്ടു സ്ത്രീകളെ വനിതാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സാഹസികമായി പിന്തുടർന്ന് പിടികൂടി

 മോഷ്ടാക്കളായ രണ്ടു സ്ത്രീകളെ സാഹസികമായി പിന്തുടർന്ന് പിടികൂടി പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്.  നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ജലജാ സുരേഷാണ് തന്റെ ബാ​ഗിൽ നിന്നും പണം കവർന്ന യുവതിയേയും അമ്മയേയും പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗോപിച്ചെട്ടി ശെൽവി (45), മകൾ അഥിനി (27) എന്നിവരാണ് അറസ്റ്റിലായത്.

എൻഎസ്എസ് താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് കൂടിയായ ജലജ  പോസ്റ്റ് ഓഫീസ് ആർഡി ഏജന്റായി ജോലി ചെയ്യുന്നുണ്ട്. ഇന്നലെ ഉച്ചക്ക് കുണ്ടറ പോസ്റ്റ് ഓഫീസിൽ പോയി മടങ്ങുന്നതിനിടെയാണ് ജലജയുടെ ബാ​ഗിൽ നിന്നും സ്ത്രീകൾ പണം അപഹരിച്ചത്. ഉച്ചക്ക് 1.50-നാണ് ജലജ പള്ളിമുക്കിൽനിന്ന് പത്തനാപുരത്തേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയത്. കൊട്ടാരക്കര മണികണ്ഠനാൽത്തറയിൽ ഇറങ്ങുന്നതിനായി എഴുന്നേറ്റപ്പോൾ, ഒപ്പം ഇറങ്ങാനെന്ന നാട്യത്തിലെത്തിയ രണ്ട് സ്ത്രീകൾ പിന്നിൽനിന്ന് തള്ളുകയും ‘ചന്തമുക്ക് ആയോ’ എന്നു തിരക്കുകയും ചെയ്തു. ഇല്ലെന്നു പറഞ്ഞതോടെ അവർ മടങ്ങി.

മണികണ്ഠനാൽത്തറയിലിറങ്ങിയപ്പോൾ സംശയം തോന്നി ബാഗ് നോക്കിയപ്പോഴാണ് ബാഗിന്റെ സിബ് തുറന്നുകിടക്കുന്നതും പണം നഷ്ടമായതും അറിയുന്നത്. ഉടൻ അടുത്തുകണ്ട ഓട്ടോറിക്ഷയിൽ കയറി ബസിനു പിന്നാലെ പാഞ്ഞു. ചന്തമുക്കിൽ വാഹനത്തിരക്കിൽ കുരുങ്ങിയതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോടു ജലജ കാര്യം പറഞ്ഞു. ഇതോടെ ഓട്ടോ വേഗം കടത്തിവിട്ടു. അപ്പോഴേക്കും ചന്തമുക്കിൽ ബസിറങ്ങിയ സ്ത്രീകൾ മറ്റൊരു ഓട്ടോയിൽ കയറിയിരുന്നു. തൊട്ടുപിന്നിൽ നിർത്തിയ ഓട്ടോയിൽനിന്ന് ചാടിയിറങ്ങിയ ജലജ, പോകാൻ തുടങ്ങിയ ഓട്ടോയുടെ ഹാൻഡിലിൽ പിടിച്ചുനിർത്തി രണ്ടു സ്ത്രീകളെയും പുറത്തിറക്കി.

ഓടാൻ ശ്രമിച്ച ഇരുവരുടെയും സാരിയിൽ പിടിച്ചുനിർത്തി. ഇതിനിടയിൽ സ്ത്രീകളുടെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന നോട്ടുകെട്ടുകൾ താഴെവീണു. തങ്ങളല്ല മോഷ്ടിച്ചതെന്നും പണം ജലജയുടെ ബാഗിൽനിന്ന് വീണതാണെന്നും പറഞ്ഞ് രക്ഷപ്പെടാനും സ്ത്രീകൾ ശ്രമിച്ചു. സ്ഥലത്ത് പൊലീസെത്തുംവരെ ഇരുവരെയും ജലജ തടഞ്ഞുനിർത്തുകയായിരുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img